കൊച്ചി: ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ എറണാകുളം സെൻട്രൽ പൊലിസ് പിടിച്ചെടുത്ത "സജിമോൻ' ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ സെൻട്രൽ പൊലിസ് അപേക്ഷ നൽകി. എറണാകുളം ആർടിഒയ്ക്ക് ഇ–മെയിൽ വഴിയാണ് സ്റ്റേഷൻ എസ്എച്ച്ഒ ഇന്നലെ അപേക്ഷ നൽകിയത്. അതേ സമയം ബസിന്റെ ആർസി ബുക്ക് അടക്കമുള്ള രേഖകൾ പൊലിസ് ഇന്നലെ കോടതിയിൽ ഹാജരാക്കി.
ബസ് പിഴയടയ്ക്കാനുള്ളത് 200 ചെല്ലാനുകളാണെന്ന വിവരവും സെൻട്രൽ പൊലിസ് കോടതിയെ അറിയിച്ചു. 200ഓളം ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബസ് രേഖകൾ പൊലിസ് ജില്ലാ കോടതിയിൽ ഹാജരാക്കിയത്. ഓട്ടോറിക്ഷക്കാരനെ മർദിച്ചതിന് സജിമോൻ ബസിലെ ജീവനക്കാരായ പള്ളുരുത്തി സ്വദേശി എം.സെഡ്. നഹാസ് (28), സഹോദരൻ എം.സെഡ്. നസറുദ്ദീൻ (38), കുമ്പളങ്ങി സ്വദേശി ബ്രിസ്റ്റോ മാത്യൂസ് (30) എന്നിവരെ സെൻട്രൽ പൊലിസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
വെള്ളി രാത്രി 7.45ന് എറണാകുളം നോർത്ത് ടൗൺ ഹാളിനു മുന്നിലെ പമ്പിനു സമീപമായിരുന്നു സംഭവം. കോന്തുരുത്തി സ്വദേശി ഹാഷിമിനെയാണ് ക്രൂരമായി മർദിച്ചത്.